ന്യൂഡൽഹി: റഷ്യയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. രാജസ്ഥാനിലെ ആൽവാറിലെ ലക്ഷ്മൺഗഡിലെ കഫൻവാഡ ഗ്രാമവാസിയായ അജിത് സിംഗ് ചൗധരി(22) ആണ് മരിച്ചത്.
2023 ൽ ബഷ്കീർ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എംബിബിഎസ് കോഴ്സിന് ചേർന്ന അജിത് സിംഗിനെ ഒക്ടോബർ ഒൻപതിന് കാണാതായിരുന്നു. ഉഫ നഗരത്തിലെ ഒരു അണക്കെട്ടിന് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ 11ന് പാൽ വാങ്ങാൻ ഹോസ്റ്റലിൽ നിന്നും പോയ അജിത് സിംഗ് മടങ്ങിയെത്തിയില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. വൈറ്റ് നദിയോട് ചേർന്നുള്ള അണക്കെട്ടിൽ നിന്നാണ് ചൗധരിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ആൽവാർ സരസ് ഡയറി ചെയർമാൻ നിതിൻ സാഗ്വാൻ പറഞ്ഞു.
സംഭവത്തിൽ റഷ്യയിലെ ഇന്ത്യൻ എംബസി പ്രതികരിച്ചിട്ടില്ല. 19 ദിവസം മുമ്പ് നദീതീരത്ത് നിന്ന് അജിത് സിംഗിന്റെ വസ്ത്രങ്ങൾ, മൊബൈൽ ഫോൺ, ഷൂസ് എന്നിവ കണ്ടെത്തിയതായി മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആൽവാർ പറഞ്ഞു.